+2 മലയാളം@പെരിങ്ങോം
19 subscribers
30 photos
16 videos
12 files
24 links
Download Telegram
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 2. ഉല്പന്നങ്ങളുടെ ധാരാളിത്തത്തിൽ മുങ്ങിപ്പോകുന്ന ഉപഭോക്താവിന്റെ ധർമ്മസങ്കടം ആവിഷ്കൃതമാവുന്ന കഥാസന്ദർഭങ്ങൾ കണ്ടെത്തുക.

വലിയ തെരുവിൽ സൂപ്പർ മാർക്കറ്റിൽ എത്തുന്ന സാധാരണക്കാർ ഉല്പന്നങ്ങളുടെ ധാരാളിത്തം കണ്ട് പകച്ചു പോകാറുണ്ട്. അതുപോലെയാണ് ദിവാകരനും സംഭവിക്കുന്നത്. ഏത് തെരഞ്ഞെടുക്കണം എന്നറിയാതെ ഉപഭോക്താവ് ധർമ്മസങ്കടത്തിലാവുന്നു. ഇരുഭാഗത്തുമുള്ള കടകളിൽ അസംഖ്യം ചിത്രങ്ങൾ തൂക്കിയിട്ടിരുന്നുവെന്ന് കഥാകൃത്ത് വിവരിക്കുന്നു. അവയുടെ സംഖ്യ ദിവാകരനെ ഭയപ്പെടുത്തി എന്നതാണ് സത്യം. ഒറ്റ മദ്ധ്യാഹ്നം കൊണ്ട് പതിനായിരക്കണക്കിന് ചിത്രങ്ങൾ പരിശോധിച്ചു കഴിഞ്ഞു. ആയിരക്കണക്കിന് കടകളിലുള്ള പതിനായിരക്കണക്കിനു ചിത്രങ്ങളാണ് ദിവാകരന്റെ മുന്നിലെത്തുന്നത്.ദിവാകരൻ അമ്പരന്നുപോയി. ഇനിയെത്ര മുഖങ്ങളിലൂടെ കണ്ണോടിച്ചാലാണ് തനിക്കാവശ്യമുള്ള ചിത്രങ്ങൾ ലഭിക്കാൻ പോകുന്നതെന്ന് അയാൾ അത്ഭുതപ്പെടുകയായിരുന്നു.

ഈ പ്രസ്താവനയിൽ നിന്ന് ഒരുപഭോക്താവ് അകപ്പെട്ടിരിക്കുന്ന കെണി മനസ്സിലാവുന്നു. പടങ്ങൾ നോക്കി നോക്കി ദിവാകരന്റെ കൺപോളകൾക്ക് കനം വച്ചിരിക്കുന്നു. അനേകം ചിത്രങ്ങളുടെ നിരയ്ക്കു മുന്നിൽ എന്തു ചെയ്യണമെന്നറിയാതെ ദിവാകരൻ പകച്ചു നിൽക്കുന്നു. മുഖങ്ങളുടെ സാദൃശ്യം അയാളെ വിഷമിപ്പിക്കുന്നു. തിരിച്ചറിയാനാകാത്ത വിധം വസ്തുക്കൾ അണിനിരത്തിയിരിക്കുന്ന വിപണിയിൽ വന്നുപെടുന്ന ഉപഭോക്താവിന് അനുഭവപ്പെടുന്ന സംഘർഷമാണ് കഥാകൃത്ത് ആവിഷ്കരിക്കുന്നത്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 3. പത്മരാജന്റെ കഥകളിൽ ദൃശ്യഭാഷ കഥ പറച്ചിലിനുള്ള ഉപാധിയാകാറുണ്ട്. ഈ കഥയിലെ ഇത്തരം സന്ദർഭങ്ങൾ കണ്ടെത്തി ഇതിവൃത്തത്തിന് അവ എങ്ങനെ മിഴിവേകുന്നുവെന്ന് ഒരു നിരീക്ഷണക്കുറിപ്പ് രചിക്കുക.

പത്മരാജൻ കഥാകൃത്ത് മാത്രമല്ല, ചലച്ചിത്ര സംവിധായകൻ കൂടിയാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ കഥകളിലും നോവലുകളിലും ദൃശ്യഭാഷക്ക് വലിയ സ്ഥാനമുണ്ട്. അവകാശങ്ങളുടെ പ്രശ്നം എന്ന കഥക്ക് ഒരു തിരക്കഥയുടെ സ്വഭാവമുണ്ടെന്ന് കാണാം. ചിത്രങ്ങൾ വിൽക്കുന്ന തെരുവിൽ ദിവാകരൻ പ്രത്യക്ഷപ്പെടുന്ന സന്ദർഭം മുതൽ ദൃശ്യഭാഷക്ക് വലിയ സ്ഥാനമുണ്ട്. പകച്ചു നിൽക്കുന്ന ദിവാകരന്റെ രൂപം നമ്മുടെ മനസ്സിൽ നിന്ന് മായുന്നില്ല. തെരുവിലെ കടകളിലൂടെ നടന്നന്വേഷിച്ച് കടന്നു പോകുന്ന ദിവാകരൻ എന്ന കഥാപാത്രത്തിന്റെ ദൃശ്യം പല രീതിയിൽ നമുക്ക് മുന്നിൽ വരുന്നു. രാത്രിയായപ്പോൾ കടകളിൽ കാണുന്ന വെളിച്ചത്തിന്റെ കാഴ്ച ദൃശ്യസാധ്യതകൾ പ്രയോജനപ്പെടുത്തുന്നതാണ്. വെളിച്ചത്തിന്റെ സമാനതയും അതിലെ ചതിയും കഥാകൃത്ത് എടുത്ത് കാണിക്കുന്നു. കഥാവസാനം കടന്നു വരുന്ന കൊച്ചു കുട്ടികളുടെ ദൃശ്യവും പ്രത്യേകതയുള്ളതാണ്. കണ്ണുകൾ നിറച്ച് നിശബ്ദമായി കരയുന്ന കുട്ടികൾ മറക്കാനാവാത്ത കാഴ്ചയാണ്. കടക്കാരൻ ദിവാകരനെ വലിയ കടലാസു കൂട്ടിലാക്കി പൊതിയുന്ന ദൃശ്യത്തിലാണ് കഥ അവസാനിക്കുന്നത്. ദൃശ്യസാധ്യത നിറഞ്ഞ കഥയാണിത് എന്നത് വസ്തുതയാണ്. ഈ ദൃശ്യ ഭംഗി കലാസ്വാദനത്തിൽ വലിയ പങ്കാണ് വഹിക്കുന്നത്. കഥ അവസാനിക്കുന്നതു വരെ ആ തെരുവ് വായനക്കാരന്റെ മനസ്സിൽ തെളിഞ്ഞു നിൽക്കും.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 4 . വെളിച്ചം ചതിവിനുള്ള ഉപാധിയാകുന്ന സമകാലിക ചുറ്റുപാടുകളെക്കുറിച്ചുള്ള നിങ്ങളുടെ കണ്ടെത്തലുകൾ ക്രോഡീകരിച്ച് പവർപോയിന്റ് അവതരണത്തിനുള്ള സ്ലൈഡ് ഡിസൈൻ ചെയ്യുക.


# എല്ലാ വെളിച്ചവും നേർവഴിയിലേക്കല്ല നയിക്കുന്നത്. കാഴ്ചയെ മറയ്ക്കുന്ന വെളിച്ചവുമുണ്ട്.

# വെളിച്ചവും നമ്മളെ വഴി തെറ്റിച്ചേക്കാം. പ്രകാശത്തിനുള്ളിലും പലപ്പോഴും ഇരുട്ടിന്റെ കണികകൾ കാണാം.

# വെളിച്ചം ചിലപ്പോഴെങ്കിലും നമ്മെ കബളിപ്പിച്ചേക്കാം. അതുകൊണ്ട് പുറം കാഴ്ചകളിൽ ഭ്രമിക്കാതിരിക്കുക.

# വെളിച്ചത്തിന്റെ പ്രലോഭനത്തിലും ചതിക്കുഴികളുണ്ട്. നമ്മുടെ കാഴ്ചകൾ മങ്ങിയേക്കാം.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 5 . യാഥാർത്ഥ്യത്തിന്റേയും അയാഥാർത്ഥ്യത്തിന്റേയും അതിരുകൾ മാഞ്ഞു പോകുന്നതിന്റെ ദൃശ്യം മാർക്വെസിന്റെ ' പ്രകാശം ജലം പോലെയാണ് ' , പത്മരാജന്റെ ' അവകാശങ്ങളുടെ പ്രശ്നം ' എന്നീ രചനകളിലുണ്ട്. എങ്കിലും അവ വ്യത്യസ്തങ്ങളാണ്. കഥാസന്ദർഭങ്ങൾ കണ്ടെത്തി താരതമ്യക്കുറിപ്പ് തയ്യാറാക്കുക.

മാർക്വെസിന്റെ പ്രകാശം ജലം പോലെയാണ് , പത്മരാജന്റെ അവകാശങ്ങളുടെ പ്രശ്നം എന്നീ കഥകൾ മാജിക്കൽ റിയലിസം ഫാന്റസി എന്നീ രചനാതന്ത്രങ്ങൾ പ്രയോജനപ്പെടുത്തുന്നവയാണ്. ആഖ്യാനത്തിലെ മാന്ത്രികതയാണ് മാർക്വെസ് കഥകളുടെ പ്രത്യേകത. ബൾബുകൾ പൊട്ടിച്ച് പ്രകാശം മുറയിൽ നിറച്ച് വള്ളം തുഴയുന്ന കുട്ടികൾ ജീവിതത്തിൽ കാണാൻ കിട്ടാത്ത ദൃശ്യമാണ്. പ്രകാശജലത്തിൽ ഊളിയിടുന്ന കുട്ടികൾ യാഥാർത്ഥ്യത്തിന്റേയും അയാഥാർത്ഥ്യത്തിന്റെയും അതിർവരമ്പുകൾ നേർത്തതാണെന്നാണ് കാണിച്ചു തരുന്നത്. അതുപോലെ ദിവാകരന്റെ അന്വേഷണത്തിൽ യാഥാർത്ഥ്യത്തിന്റേയും അയാഥാർത്ഥ്യത്തിന്റേയും തലങ്ങളുണ്ട്. കഥയുടെ അവസാനം വലിയ കടലാസു കൂട്ടിൽ ദിവാകരൻ പൊതിയപ്പെടുന്ന ദൃശ്യം ഫാന്റസിയാണ്. കുട്ടികൾ ദിവാകരനെ നോക്കി ഇതാണ് ഞങ്ങൾ അന്വേഷിക്കുന്ന ചിത്രം എന്നു പറയുന്ന സന്ദർഭവും യാഥാർത്ഥ്യത്തിൽ നിന്ന് അകന്നു നിൽക്കുന്നതാണ്. ഈ രണ്ടു കഥകളിലും യാഥാർത്ഥ്യവും അയഥാർത്ഥ്യവും ഇടകലരുന്നത് കാണാൻ കഴിയും.

പ്രകാശത്തിന്റെ ഒഴുക്കിനെ ജലവുമായി ബന്ധിപ്പിക്കുന്നിടത്താണ് മാർക്വെസിന്റെ മാജിക്കൽ റിയലിസം ആരംഭിക്കുന്നത്. കുട്ടികളുടെ ഭാവനാലോകവുമായി അതിനെ കോർത്തിണക്കുന്നതോടെ അത് പൂർണതയിലെത്തുന്നു. ഈ മാന്ത്രികതയുടെ മറ്റൊരു മുഖമാണ് പത്മരാജനിൽ നാം കാണുന്നത്. യാഥാർത്ഥ്യത്തിന്റേയും അയാഥാർത്ഥ്യത്തിന്റേയും ലോലമായ അതിരുകളെ അവ്യക്തതയുടെ മൂടൽമഞ്ഞിൽ പൊതിഞ്ഞാണ് പത്മരാജൻ തന്റെ കഥ പൂർത്തിയാക്കുന്നത്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 6 . ഐഡന്റിറ്റി കാർഡിനു വേണ്ടി മാത്രം സ്വന്തം ഫോട്ടോ എടുത്തിരുന്ന സമൂഹം ക്രമേണ സെൽഫിയിലേക്ക് മാറി. ഇതേക്കുറിച്ച് സംവാദം സംഘടിപ്പിച്ച് കുറിപ്പു തയ്യാറാക്കുക.

കാലം മാറുന്നതനുസരിച്ച് മനുഷ്യജീവിതത്തിലും മാറ്റങ്ങൾ ഉണ്ടാകുന്നു. മാറ്റങ്ങൾക്ക് ഒരു പ്രധാന കാരണം ശാസ്ത്ര സാങ്കേതിക രംഗത്തുണ്ടായ പുരോഗതിയാണ്. ഫോട്ടോയുടെ കാര്യം പരിശോധിച്ചാൽ ഇതു മനസ്സിലാകും. പണ്ടൊക്കെ ഐഡന്റിറ്റി കാർഡിനും മറ്റുമുള്ള ആവശ്യങ്ങൾക്കാണ് നാം ഫോട്ടോ എടുത്തിരുന്നത്. അതിന് നാം സ്റ്റുഡിയോയിൽ പോയിരുന്നു. ഇന്ന് എല്ലാവരും ചിത്രങ്ങൾ എടുക്കുന്നു , സ്വന്തം സ്മാർട്ട്ഫോൺ ഉപയോഗിച്ച് ചിത്രങ്ങൾ എടുക്കുന്നു. സെൽഫി ഒരു സാധാരണ സംഭവമായി മാറിയിരിക്കുന്നു. മൊബൈൽ ഫോണിന്റെ പ്രചാരം ഫോട്ടോഗ്രഫിയുടെ രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചിരിക്കുന്നു. വളരെയധികമാളുകൾ മൊബൈലിൽ തലപൂഴ്ത്തി വച്ചിരിക്കുകയാണ്. സ്വന്തം ചിത്രമെടുത്തു , അതിൽ ലയിക്കുന്ന നാർസിസത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. ആധുനികരെന്നഭിമാനിക്കുന്ന നാം ആത്മാനുരാഗികളായി മാറിയിരിക്കുന്നു. ഏതു രംഗവും നമുക്കു പകർത്താനുളള ദൃശ്യമാണ് എന്ന ധാരണ വ്യപകമായിരിക്കുന്നു. അപകട സ്ഥലത്തു പോലും ഫോട്ടോ എടുക്കുന്നവരുടെ തിരക്കാണ്. എല്ലാം മൊബൈലിൽ പകർത്താനുള്ള വ്യഗ്രത ഒഴിവാക്കേണ്ടതാണ്. എന്നാൽ സാങ്കേതിക പുരോഗതികളെ നമുക്ക് തള്ളിക്കളയാൻ സാധിക്കില്ല. സാങ്കേതിക വിദ്യ പ്രയോഗിക്കുന്നവർക്ക് മൂല്യബോധമുണ്ടാകണം എന്നതാണ് പ്രധാനം.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 7 . ഭാഷാപണ്ഡിതനായ റവ.ജോർജ് മാത്തൻ ബാലാഭ്യസനം എന്ന പ്രഭാഷണത്തിൽ മാതൃഭാഷയാണ് പഠനമാധ്യമമായും ഭരണഭാഷയായും കോടതി ഭാഷയായും ഉപയോഗിക്കേണ്ടത് എന്നഭിപ്രായപ്പെട്ടിട്ടുണ്ട്.

എം ബി ബി എസ് വിദ്യാർത്ഥികൾ താരാശങ്കർ ബാനർജിയുടെ ' ആരോഗ്യനികേതനം ' പോലുള്ള നോവലുകളും ആർക്കിടെക്റ്റുകൾ ' ഭൂമിയുടെ അവകാശികൾ ' പോലുള്ള കൃതികളും വായിക്കുന്നത് നന്നായിരിക്കുമല്ലോ.
ഈ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിൽ വിവിധതലങ്ങളിൽ മാതൃഭാഷക്ക് നൽകേണ്ട പ്രാധാന്യം വിലയിരുത്തി സെമിനാർ സംഘടിപ്പിക്കുക.

ചുവടെ ചേർത്ത സൂചകങ്ങൾ പ്രയോജനപ്പെടുത്താം.

🎋 മാതൃഭാഷയും സാമൂഹിക ജീവിതവും
🎋 മാതൃഭാഷയും സംസ്കാരവും
🎋 മാതൃഭാഷയും ബോധന മാധ്യമവും
🎋 മാതൃഭാഷയും ഭരണഭാഷയും
🎋 മാതൃഭാഷയും മാധ്യമങ്ങളും


🌺 മാതൃഭാഷയുടെ പ്രാധന്യം

സെമിനാർ പ്രബന്ധം


റവ.ജോർജ് മാത്തന്റെ അഭിപ്രായം ശ്രദ്ധേയമാണ്. മാതൃഭാഷ പഠനമാധ്യമമായും ഭരണഭാഷയായും കോടതി ഭാഷയായും ഉപയോഗിക്കേണ്ടതാണ്. അതുകൊണ്ടാണ് ഭരണഭാഷ മലയാളമാക്കണമെന്ന് നാം വാദിക്കുന്നത്. ബ്രിട്ടീഷുകാർ നാടുവിട്ടു പോയി വർഷങ്ങൾ കഴിഞ്ഞിട്ടും നമുക്കു നമ്മുടെ ഭാഷയിലേക്ക് തിരിച്ചെത്താൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നു. കുട്ടിക്കാലത്ത് ചിന്തയും ഭാവനയും വളരണമെങ്കിൽ മാതൃഭാഷയിൽ പഠിക്കണം എന്നതാണ് യാഥാർത്ഥ്യം. അതിനു ശേഷം മറ്റു ഭാഷകൾ പഠിക്കാവുന്നതാണ്. മർത്യനു പെറ്റമ്മ തൻ ഭാഷതാൻ എന്നാണല്ലോ വള്ളത്തോൾ പാടിയിരിക്കുന്നത്.

എംബി ബി എസ് വിദ്യാർത്ഥികൾ വൈദ്യത്തോടൊപ്പം താരാശങ്കർ ബാനർജിയുടെ ആരോഗ്യനികേതനം വായിക്കുന്നതും ആർക്കിടെക്റ്റുകൾ ബഷീറിന്റെ ഭൂമിയുടെ അവകാശികൾ വായിക്കുന്നതും നന്നായിരിക്കും എന്നത് പ്രധാനപ്പെട്ട നിരീക്ഷണമാണ്. കേവലം ചികിത്സയും പണം സമ്പാദിക്കലും മാത്രമല്ല വൈദ്യവൃത്തി എന്നും അതിനുള്ളിൽ ചില മൂല്യങ്ങളും ദർശനങ്ങളും ഉണ്ടെന്നും ആരോഗ്യനികേതനത്തിലെ ജീവൻ മശായ് നമ്മെ പഠിപ്പിക്കുന്നു. സാഹിത്യകൃതികളിൽ നിന്ന് ചില മൂല്യങ്ങൾ ലഭിക്കുന്നുണ്ട്. എന്നതാണ് പ്രധാനം. ഭൂമിയുടെ അവകാശികൾ എന്ന കഥ എല്ലാജീവജാലങ്ങളുടേയും അവകാശത്തിനു വേണ്ടി വാദിക്കുന്ന കഥയാണ്. ബഷീറിന്റെ ദർശനം ആർക്കിടെക്റ്റുകളുടെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചേക്കാം. എല്ലാ ജീവജാലങ്ങൾക്കും ആദരവു നൽകാൻ അവരെ പ്രേരിപ്പിക്കുന്ന കഥയാണത്. ഭാഷയും സാഹിത്യവും പകർന്നു നൽകുന്ന മൂല്യങ്ങളെക്കുറിച്ചാണ് ഇവിടെ സൂചന നൽകുന്നത്.

മാതൃഭാഷയും സാമൂഹിക ജീവിതവും തമ്മിൽ അഭേദ്യ ബന്ധമുണ്ട്. ഭാഷമനുഷ്യരെ കൂട്ടിയിണക്കുന്ന പാലമാണ്. മനുഷ്യർ പാലം നിർമ്മിക്കാത്തതു കൊണ്ടാണ് അവർ ഏകാകികളായത് എന്നു പറയുന്നത് ശരിയാണ്. പരസ്പരസംഭാഷണത്തിനും ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിനും മാതൃഭാഷക്ക് വലിയ പങ്കുണ്ട്. എല്ലാവരും വ്യത്യസ്ത ഭാഷ സംസാരിച്ചാൽ സമൂഹത്തിന്റെ അടിത്തറ ഇളകും. സാമൂഹികജീവിത രംഗത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിൽ മാതൃഭാഷയ്ക്ക് വലിയ പങ്കുണ്ട്.

ഓരോ ഭാഷയും ഓരോ സംസ്കാരവും കൂടിയാണ്. ഭാഷ സംസ്കാരമാണ് എന്ന് ഭാഷാപണ്ഡിതന്മാർ പറയുന്നത് അതുകൊണ്ടാണ്. മലയാളം ഒരു സംസ്കാരത്തിന്റെ സൃഷ്ടിയാണ്. ഒരാളെ സ്വന്തം സംസ്കാരത്തിൽ ഉറപ്പിച്ചു നിർത്താൻ മാതൃഭാഷയും അതിന്റെ സാംസ്കാരിക സമ്പത്തും സഹായിക്കും. മാതൃഭാഷയുടെ പിൻബലം നഷ്ടമാകുമ്പോൾ സംസ്കാരത്തിന്റേയും പാരമ്പര്യത്തിന്റേയും കരുത്താണ് നഷ്ടമാകുന്നത്. താൽക്കാലിക നേട്ടങ്ങൾക്കായി പരക്കം പായുമ്പോൾ വിലപ്പെട്ടത് പലതും നമുക്ക് നഷ്ടമാകുന്നു എന്നതാണ് തിരിച്ചറിയേണ്ട യാഥാർത്ഥ്യം.

ബോധനമാധ്യമം മാതൃഭാഷയാകണമെന്നാണ് ഭാഷാപണ്ഡിതന്മാരും മനശ്ശാസ്ത്രജ്ഞന്മാരും സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് കുട്ടിക്കാലത്തെ വിദ്യാഭ്യാസം. മാതൃഭാഷക്ക് വൈകാരിക തലമുണ്ട്. അത് സംസാരിക്കാൻ തുടങ്ങുന്നതു മുതൽ നാവിൽ രൂപം കൊള്ളുന്നതാണ്. ആ ഭാഷയിൽത്തന്നെ പഠനവും ക്രമീകരിച്ചാൽ ഓരോ കുട്ടിയുടേയും ബുദ്ധിയും വൈകാരികവുമായ വളർച്ചക്ക് അടിത്തറയുണ്ടാവും. കാണാതെ പഠിച്ച് തത്തയെപ്പോലെ ആവർത്തിക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഓരോ വിഷയത്തിന്റേയും ആത്മാവിലേക്ക് കടക്കാൻ കുട്ടിക്ക് കഴിയുന്നത് മാതൃഭാഷയിൽ പഠിക്കുമ്പോഴാണ്.

ഭരണഭാഷ മാതൃഭാഷയിലായാൽ മാതമേ എല്ലാ വിഭാഗം ജനങ്ങളേയും ഭരണകൂടത്തിന് ഉൾക്കൊള്ളാൻ സാധിക്കൂ. വിദ്യാഭ്യാസം നേടിയ ഒരു വിഭാഗം മാത്രം മനസ്സിലാക്കുന്ന ഭാഷയിൽ ഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ അവതരിപ്പിച്ചാൽ സാധാരണക്കാർ എങ്ങനെയാണ് കാര്യങ്ങൾ മനസ്സിലാക്കുക ? ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങളെക്കൂടി അഭിമുഖികരിക്കണമെങ്കിൽ മാതൃഭാഷ ഭരണഭാഷയാകണം. കോടതി വ്യവഹാരങ്ങളും മാതൃഭാഷയിലാക്കേണ്ടതാണ്. അല്ലെങ്കിൽ ഒരു വിഭാഗം ജനങ്ങൾ മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടും.

മാധ്യമങ്ങളും മാതൃഭാഷയിലായിരിക്കണം. അവരുടെ വാർത്തകളും പരിപാടികളും ക്രമീകരിക്കേണ്ടത്. മാതൃഭാഷയുടെ ലോകം സംസ്കാരത്തിന്റേയും വൈകാരികതയുടേയും പാരമ്പര്യത്തിന്റേയും ഒരു ലോകം കൂടിയാണ്. അതുയർത്തിപ്പിടിക്കാൻ മാധ്യമങ്ങൾക്ക് കടമയുണ്ട്. പുതിയ മാധ്യമസംസ്കാരം പലപ്പോഴും മാതൃഭാഷയെ അവഗണിക്കുകയാണ്. ഇതും സമൂഹത്തിൽ ഒരു വേർത്തിരിവിന് കാരണമാകാം. സംസ്കാര സമ്പത്തിനെ സംരക്ഷിക്കാനുള്ള ചുമതല മാധ്യമങ്ങൾക്കുണ്ട്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 1 . ക്ലാസിക് കലകളുടെയും നാടോടിക്കലകളുടെയും സവിശേഷതകൾ താരതമ്യം ചെയ്യുക. (ഒരു പുറം. സ്കോർ 6 )

കലാസിക് കലകൾക്ക് കൃത്യമായ നിയമങ്ങളും ചിട്ടകളുമുണ്ട്. അത്തരം കലകളുടെ അവതരണം ചില പ്രാമാണിക ഗ്രന്ഥങ്ങളെ അടിസ്ഥാനമാക്കിയാണ് നടത്തുന്നത്. ഒട്ടെല്ലാ ക്ലാസിക് കലകൾക്കും എഴുതിത്തയാറാക്കിയ സാഹിത്യമുണ്ട്. അത് വരമൊഴിയായി പ്രചരിക്കുന്നു. ചിട്ടയാർന്ന ദീർഘ കാല പരിശീലനം കൊണ്ട് മാത്രമേ ക്ലാസിക് കലകൾ അവതരിപ്പിക്കാൻ പറ്റു . ക്ലാസിക് കലകൾ ആസ്വദിക്കാനും സാമാന്യമായ പരിചയവും പരിശീലനവും ആവശ്യമാണ്. ക്ഷേത്രങ്ങൾ കൊട്ടാരങ്ങൾ കോവിലകങ്ങൾ ഇവിടങ്ങൾ കേന്ദീകരിച്ചാണ് ക്ലാസിക് കലകൾ രൂപപ്പെട്ടതും വികാസം പ്രാപിച്ചതും. അതുകൊണ്ട് തന്നെ ജാതിശ്രേണിയിലെ ഉപരിവർഗ്ഗ ജനതയാണ് ക്ലാസിക് കലകളുടെ പ്രോത്സാഹകരും ആസ്വാദകരും ആയത്.

ക്ലാസിക് കലകളുടെ നേരേ വിപരിതമാണ് നാടോടിക്കലകളുടെ സവിശേഷതകൾ . എഴുതിവച്ച നിയമങ്ങളെയോ ചിട്ടകളെയോ പ്രാമാണിക ഗ്രന്ഥങ്ങളെയോ അടിസ്ഥാനമാക്കിയല്ല നാടോടിക്കലകൾ അവതരിപ്പിക്കുന്നത്. അവതരിപ്പിക്കുന്നവരുടെ മനോധർമ്മമാണ് അവതരണത്തിന് അടിസ്ഥാനം. നാടോടിക്കലകൾക്ക് വരമൊഴിയായി പ്രചരിക്കുന്ന സാഹിത്യമില്ല പകരം വാമൊഴിയായി പ്രചരിക്കുന്ന പാട്ടുകളാണുള്ളത്. അതു കൊണ്ട് അതിൽ പ്രാദേശിക ഭേദങ്ങൾ ഉണ്ടാവാം. താരതമ്യേന കുറഞ്ഞ കാലത്തെ പരിശീലനം കൊണ്ട് അവതരിപ്പിക്കാനാവും ആസ്വാദനത്തിനും വലിയ പരിശീലനം ആവശ്യമില്ല. അദ്ധ്വാനിച്ച് ജീവിച്ച പിന്നാക്ക ജനത അവരുടെ അദ്ധ്വാനത്തിന്റെ ഭാഗമായും വിനോദത്തിന്റെ ഭാഗമായും രൂപപ്പെടുത്തിയ കലകളാണ് നാടോടിക്കലകൾ.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 2 . കാക്കാരശി നാടകത്തിന്റെ അവതരണത്തിന് ആമുഖ പ്രഭാഷണം തയാറാക്കുക.
(ഒരു പുറം സ്കോർ 6 )

സഹൃദയരായ കലാ സ്നേഹികളേ,
കേരളത്തിന്റെ ഒരു തനത് നാടോടി നാടകമാണ് ഇപ്പോൾ ഈ വേദിയിൽ അവതരിപ്പിക്കാൻ പോകുന്നത്. കാക്കാരശി നാടകം. ഇതിന് കാക്കാര് കളി ,കാക്കാലച്ചി നാടകം കാക്കാലത്തിനാടകം എന്നെല്ലാം പേരുകളുണ്ട്. തെക്കൻ കേരളത്തിലെ തനത് നാടോടി നാടകമാണ് കാക്കാരശി. ഏതാണ്ട് മൂന്ന് നൂറ്റാണ്ടിന്റെ പഴക്കം ഈ കലാരൂപത്തിനുണ്ട്. പഴയ ജാതിശ്രേണിയിലെ കുറവർ കാക്കാൻ വിഭാഗത്തിൽ പെട്ടവരാണ് പരമ്പരയായി ഈ കല അവതരിപ്പിച്ചിരുന്നത്. തികച്ചും വിനോദ ലക്ഷ്യം മാത്രമുള്ള ഈ കല ഏത് തരം വേദിയിലും അവതരിപ്പിക്കാറുണ്ട്. പിന്നാക്ക ജനതയുടെ വിനോദോപാധിയായ ഈ കലയിൽ പാട്ടും നൃത്തവും അഭിനയവും ഫലിതവും ഉണ്ട്. ഭഗവാൻ പരമ ശിവനും പത്നിമാരും കാക്കാനും കാക്കാത്തിമാരുമായി ഭൂമിയിൽ അവതരിച്ചു എന്ന ഐതിഹ്യമാണ് കാക്കാരശി നാടകത്തിന് അടിസ്ഥാനം. കാക്കാനും രണ്ട് കാക്കാത്തിമാരും ഒരു തമ്പ്രാനുമാണ് ഇതിലെ മുഖ്യ കഥാപാത്രങ്ങൾ. അതിന് പുറമെ നാരദൻ തുടങ്ങിയ കഥാപാത്രങ്ങളും പ്രാദേശികദേദങ്ങളോടെ കാണാറുണ്ട്. കറുത്ത മുണ്ടുടുത്ത് മുഖത്ത് കരിതേച്ച് അതിൽ വെള്ളപ്പുള്ളി കുത്തി ഭാണ്ഡവും വടിയുമായാണ് കാക്കാന്റെ രംഗ പ്രവേശം. കാക്കാത്തിമാർ സാരിയുടുത്ത് മുടി ചരിച്ചു കെട്ടി അതിൽ മുല്ലമാല അണിഞ്ഞ് അരങ്ങിലെത്തും. നാടോടിത്തം തികഞ്ഞ ഈ കലയുടെ ഭാഷ , പാട്ടുകൾ , ഉപയോഗിക്കുന്ന ഫലിതങ്ങൾ ഇവയിലെല്ലാം പ്രാദേശിക ഭേദങ്ങൾ പ്രകടമാണ്. ഈ സമ്പൂർണ വിനോദ കല ആസ്വദിക്കുന്നതിന് എല്ലാ സഹൃദയരെയും സ്നേഹത്തോടെ ക്ഷണിച്ചുകൊണ്ട് നിർത്തട്ടെ,
നന്ദി നമസ്കാരം.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 കേശിനീമൊഴി 🌹
---------------------------------------
🌲 പാഠസന്ദർഭം. 🌺
----------------------------------
ദമയന്തിയുടെ രണ്ടാം സ്വയംവരം എന്നറിയിച്ച് പ്രത്യേകം ക്ഷണിക്കപ്പെട്ട സാകേതപതി ഋതുപർണൻ ബാഹുകന്റെ സഹായത്തോടെ വിദർഭ രാജധാനിയിൽ എത്തി. ബാഹുകന്റെ രഹസ്യങ്ങൾ അറിയുക എന്ന ലക്ഷ്യത്തോടെ ദമയന്തി തോഴിയായ കേശിനിയെ ബാഹുകന്റെ അരികിലേക്ക് അയയ്ക്കുന്നു. ബാഹുകനോട് കളിമട്ടിൽ പലതും പറഞ്ഞ കേശിനി അയാളെക്കുറിച്ചു ചിലതെല്ലാം മനസിലാക്കി. പിന്നീട് ഒളിഞ്ഞ് നിന്ന് നിരീക്ഷിച്ചും ബാഹുന്റെ സവിശേഷതകൾ ഗ്രഹിക്കുന്നു. അതെല്ലാം ദമയന്തിയെ അറിയിക്കുന്നു. ബാഹുകൻ നളൻ തന്നെ എന്ന തീരുമാനത്തിൽ എത്താൻ സഹായിക്കുന്നവയായിരുന്നു കേശിനിയുടെ കണ്ടെത്തലുകൾ.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 പാഠസംഗ്രഹം. 🌹
------------------------------------
കേശിനി നേരിട്ട് ബാഹുകന്റെ അരികിലെത്തി അവനോട് കളിമട്ടിൽ പലതും സംസാരിച്ചതിന് ശേഷം ഒളിച്ച് നിന്ന് നിരീക്ഷിച്ചും ചില കാര്യങ്ങൾ മനസിലാക്കി . പിന്നീട് ദമയന്തിയെ ഒറ്റയ്ക്ക് മാറ്റി നിർത്തിയിട്ടു പറഞ്ഞു -
"ലക്ഷ്മീ ദേവിയെപ്പോലെ സുന്ദര ശരീരമുള്ള വൈദർഭീ നീ കേട്ടാലും ബാഹുകൻ പുരുഷ രത്നമാണ്. ബുദ്ധിമാനായ അവൻ എന്നോട് അവന്റെ പേരും മറ്റ് വിശേഷങ്ങളും പറഞ്ഞു. അവൻ പറയുന്നത് നളൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ്. അഥവാ തെറ്റ് ചെയ്താലും കുലനാരിയായ ദമയന്തി കോപിക്കാൻ പാടില്ലത്രേ. അവൻ ദുഷ്ടനല്ല. അവന്റെ വാക്കുകളിൽ ചതി ഉണ്ടെന്നും തോന്നുന്നില്ല. ബാഹുകൻ പിന്നെ പലതും പറഞ്ഞു. കണ്ടിടത്തോളം നമ്മുടെ ആഗ്രഹം സഫലമാകുമെന്ന് തോന്നുന്നു. (കണ്ടതെല്ലാം വിചിത്രമാണ് എന്നും വ്യാഖ്യാനിക്കാം)
ഭക്ഷണം പാകം ചെയ്യാൻ രാജാവിന്റെ നിർദ്ദേശാനുസരണം വേണ്ടതെല്ലാം എത്തിച്ചപ്പോർ കുടത്തിൽ ജലം തനിയെ നിറഞ്ഞു . അഗ്നി അഹങ്കാരമില്ലാത വേണ്ട അളവിൽ കത്തി. അവൻ എല്ലാം പെട്ടെന്ന് വച്ചൊരുക്കി. പിന്നീട് ഋതുപർണരാജാവിനെ കണ്ട് വണങ്ങിയിട്ട് തേരിൽ വന്ന് ഒതുങ്ങിക്കൂടി. തേരലങ്കരിച്ചിരുന്ന പൂക്കൾ വാടിയിരിക്കുന്നതു കണ്ട് വിഷമിച്ച അവൻ അവയെ തലോടിയപ്പോൾ അവയെല്ലാം പുതുശോഭയോടെ വിളങ്ങി..."

കേശിനിയുടെ ഈ വിവരണങ്ങൾ കേട്ടിട്ടാണ് "നൈഷധനിവൻതാൻ ഒരീഷ ലില്ല മേ നിർണയം " എന്ന ബോധ്യത്തിൽ ദമയന്തി എത്തിച്ചേരുന്നത് .
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 Q : 1 . നളചരിതത്തിന്റെ ഭാഷാപരമായ സവിശേഷതകളെക്കുറിച്ച് നാലോ അഞ്ചോ വാക്യത്തിൽ കുറിപ്പെഴുതുക. (സ്കോർ 4 )

നളചരിത വ്യാഖ്യാനമായ കാന്താരതാരകത്തിൽ നളചരിത ഭാഷയെ വെങ്കല ഭാഷ എന്നാണ് എ.ആർ രാജരാജവർമ്മ വിശേഷിപ്പിച്ചത്. സംസ്കൃത - മലയാള ഭാഷാ പദങ്ങളെ യാതൊരു വ്യവസ്ഥയ്ക്കും വഴങ്ങാതെ കൂട്ടിക്കലർത്തിക്കൊണ്ട് സർഗ്ഗാത്മകമായ പുതിയൊരു കാവ്യഭാഷ സൃഷ്ടിക്കുകയാണ് ഉണ്ണായി വാര്യർ. അർത്ഥവും ഭാവവും ഒട്ടും ചോർന്നുപോകാതെ കവിതയുടെ ശബ്ദഭംഗിയും താളഭംഗിയും നിലനിർത്താൻ വാര്യർക്ക് കഴിഞ്ഞത് ഭാഷാപരമായ ഈ താൻ പോരിമ കൊണ്ടാണ്. വാക്കുകളെ എങ്ങനെ മുറിയ്ക്കാനും ഏത് ക്രമത്തിൽ അടുക്കാനും തലതിരിച്ചിടാനും ഉണ്ണായി വാര്യർ മടിച്ചിട്ടില്ല. കവിതയുടെ പ്രാസഭംഗിക്കുവേണ്ടി ചെയ്ത അത്തരം വിചിത്ര പദയോഗങ്ങൾ കഥകളി സംഗീതജ്ഞർക്കും ഈ കൃതിയെ പ്രിയങ്കരമാക്കി.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 2 . നളചരിതം കഥകളിയുടെ അവതരണത്തിന് ആമുഖ പ്രഭാഷണം തയാറാക്കുക. (സ്കോർ 6. ഒരു പുറം )

കലാസ്നേഹികളേ ,
ഉണ്ണായി വാര്യർ എഴുതിയ നളചരിതം ആട്ടക്കഥയാണ് ഇന്ന് ഈ വേദിയിൽ ആടുന്നത്. കലാമണ്‌ഡലം മേജർ സെറ്റ് നളചരിതം ആടുന്നത് കാണാൻ ലഭിക്കുന്ന അസുലഭ സന്ദർഭമാണിത്. ആടുന്നവരെയും പാടുന്നവരെയും ആസ്വദികുന്നവരെയും വായിക്കുന്നവരെയും ഒരു പോലെ രസിപ്പിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്ന വിസ്മയ കൃതിയാണ് നളചരിതം. നാടകീയ ഭംഗികൾ നിറഞ്ഞ നളചരിതത്തെ കേരളത്തിന്റെ ശാകുന്തളം എന്ന് സഹൃദയർ വിളിക്കുന്നതു തന്നെ ആ കൃതിയുടെ മഹത്വം വ്യക്തമാക്കുന്നു. സാധാരണ ആട്ടക്കഥകൾ വെറും പരിണയമോ വധമോ ആയി ചുരുങ്ങുമ്പോൾ നളചരിതം സംഭവബഹുലവും സംഘർഷഭരിതവുമായ മനുഷ്യ ജീവിതത്തിന്റെ എല്ലാ സങ്കീർണതകളെയും അതിന്റെ സമഗ്രതയോടെ അവതരിപ്പിക്കുന്നു. ആട്ടപ്പൊലിമയിൽ മാത്രം ശ്രദ്ധിച്ച ആട്ടക്കഥാകാരന്മാർ പലരും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ സൃഷ്ടിക്കാൻ ശ്രദ്ധിച്ചില്ല. എന്നാൽ നളചരിതത്തിലെ ചെറിയ കഥാപാത്രങ്ങൾ പോലും മിഴിവുറ്റ വ്യക്തിത്വമുള്ളവരാണ്. അതുകൊണ്ടാണ് ആട്ടക്കഥകൾ ആയിരക്കണക്കിനുണ്ടെങ്കിലും നളചരിതം അതൊന്നേയുള്ളൂ എന്ന് പറയുന്നത്. ഭാഷാപരമായും നളചരിതം ഒരു വിസ്മയമാണ്. അർത്ഥവും ഭാവവും ചോരാതെ ശബ്ദ ഭംഗിയും പ്രാസവും താള ഭംഗിയും തികഞ്ഞ കവിതയ്ക്കു വേണ്ടി തന്റെതായ ഒരു ഭാഷ സൃഷ്ടിക്കുകയാണ് ഉണ്ണായി വാര്യർ. സംസ്കൃത - മലയാള ഭാഷകളെ യാതൊരു വ്യവസ്ഥയുമില്ലാതെ കൂട്ടിക്കലർത്തിക്കൊണ്ട് സർഗ്ഗാത്മകമായ ഒരു ഭാഷ വാര്യർ സൃഷ്ടിക്കുന്നു. നളചരിത വ്യാഖ്യാനമായ കാന്താരതാരകത്തിൽ വെങ്കല ഭാഷ എന്നാണ് എ.ആർ രാജരാജവർമ്മ ഈ ഭാഷയെ വിശേഷിപ്പിച്ചത്. ആട്ടക്കഥകളിലെ നിത്യ വിസ്മയമായ നളചരിതത്തിന്റെ രംഗാവതരണം കാണാൻ അവസരം കിട്ടിയ ഈ രാത്രി ധന്യമാണ്. എല്ലാവരെയും ആദരവോടെ സ്വാഗതം ചെയ്തുകൊണ്ട് ആരംഭിക്കട്ടെ ..
നന്ദി നമസ്കാരം .
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 3 . "നൈഷധനിവൻ താൻ ഒരീഷലില്ല മേ നിർണയം "
എന്ന ആത്മഗതത്തിലേക്ക് ദമയന്തി എത്തിച്ചേരാനിടയായ സാഹചര്യം വിശദീകരിക്കുക.
(ഒരു പറം, സ്കോർ 6 )

അല്ലെങ്കിൽ

🌹 ബാഹുകൻ നളൻ തന്നെയാണെന്ന് ദമയന്തിക്ക് ബോധ്യമായതെങ്ങനെ?

ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയുടെ നാലാം ദിവസം ഋതുപർണനെയും കൊണ്ട് വിദർഭയിൽ എത്തിയ ബാഹുകന്റെ രഹസ്യങ്ങൾ മനസിലാക്കാൻ തോഴിയായ കേശിനിയെ ആണ് ദമയന്തി നിയോഗിച്ചത്. ബുദ്ധിമതിയും സൂക്ഷ്മനിരീക്ഷണ പടുവുമായ കേശിനി നേരിട്ടു തന്നെ ബാഹുന്റെ അരികിലെത്തി അവനോട് കളിമട്ടിൽ പലതും സംസാരിച്ചു. ബാഹുകന്റെ പെരുമാറ്റം സൂക്ഷ്മമായി നിരീക്ഷിച്ച കേശിനി ചില ധാരണകളിൽ എത്തി. ബാഹുകൻ ഉത്തമനായ ബുദ്ധിശാലിയായ പുരുഷനാണ്. അയാൾ ദുഷ്ടനല്ല. അയാളുടെ വാക്കുകളിൽ വഞ്ചനയില്ല. ബാഹുകൻ നളന്റെ പക്ഷം പിടിച്ച് സംസാരിക്കുന്നുണ്ട്. ഈ കണ്ടെ ത്തലുകൾക്ക് ശേഷം കേശിനി ഒളിച്ച് നിന്ന് ബാഹുകനെ നിരീക്ഷിച്ചു. അപ്പോൾ വിചിത്രമായ ചില കാര്യങ്ങൾ കണ്ടു. പാചകത്തിനായി ബാഹുകൻ കുടം അടുപ്പിൽ വച്ചപ്പോൾ അതിൽ ജലം തനിയെ നിറയുന്നു, വേണ്ടുവോളം തീയ് തനിയെ കത്തുന്നു , അതിവേഗം ഭക്ഷണം പാകം ചെയ്യുന്നു. മറ്റൊരു വിചിത്ര കാര്യവും കേശിനി കണ്ടു. നളൻ തലോടിയപ്പോൾ വാടിയ പൂക്കൾ പുതു പൂക്കളാകുന്നു. ഈ സവിശേഷതകളെല്ലാം വിവാഹവേദിയിൽ വച്ച് ഇന്ദ്രൻ അഗ്നി വരുണൻ യമൻ എന്നീ ദേവന്മാർ നളന് നൽകിയ വരങ്ങളുടെ അടയാളമാണെന്ന് തിരിച്ചറിഞ്ഞ കേശിനി ഈ കാര്യങ്ങളെല്ലാം ദമയന്തിയെ അറിയിച്ചു. ബാഹുകൻ നളൻ തന്നെയാണെന്ന് അങ്ങനെയാണ് ദമയന്തിക്ക് ബോധ്യമായത്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹Q : 4. കേശിനി എന്ന കഥാപാത്രത്തെ നിരൂപണം ചെയ്ത് കുറിപ്പെഴുതുക.
(ഒരു പുറം സ്കോർ 6)

വധങ്ങളും പരിണയങ്ങളും നിറഞ്ഞ ആട്ടക്കഥാ സാഹിത്യത്തിൽ ആകെ തിരഞ്ഞാലും വ്യക്തിത്വമുള്ള കഥാപാത്രങ്ങളെ അപൂർവ്വമായേ കണ്ടെത്താനാവൂ. പക്ഷേ ഉണ്ണായി വാര്യരുടെ നളചരിതത്തിലെ ചെറിയ കഥാപാത്രങ്ങളായ സുദേവൻ, പർണാദൻ ,കേശിനി തുടങ്ങിയ സേവക കഥാപാത്രങ്ങൾ പോലും സവിശേഷ വ്യക്തിത്വത്തിനുടമകളാണ്.

ബാഹുകന്റെ രഹസ്യങ്ങൾ അറിയാൻ കേശിനി എന്ന തോഴിയെ ആണ് ദമയന്തി നിയോഗിച്ചത്. രണ്ടാം വിവാഹം എന്ന രഹസ്യ സന്ദേശമയച്ച് ബാഹുകൻ വിദർഭയിലെത്താൻ സാഹചര്യം ഒരുക്കിയതുൾപ്പെടെ ദമയന്തിയുടെ രഹസ്യ നീക്കങ്ങൾ അറിയുന്നവളാണ് കേശിനി .അവളുടെ ബുദ്ധിശക്തിയിലും ആത്മാർത്ഥതയിലും രഹസ്യം സൂക്ഷിക്കാനുള്ള കഴിവിലും ഒട്ടും ശങ്കയില്ലാത്തതു കൊണ്ടാണ് ഈ ദൗത്യവും കേശിനിയെ ഏൽപ്പിക്കുന്നത്. ബാഹുകനോട്‌ കളി മട്ടിൽ സംസാരിക്കുന്ന കേശിനിയിൽ സൂക്ഷ്മനിരീക്ഷണ പടുത്വവും മന:ശാസ്ത്രബോധവും
പരഹൃദയജ്ഞാനവും പ്രകടമാണ്. വിരൂപനെങ്കിലും ബാഹുന്റെ വ്യക്തിത്വത്തിന്റെ മഹത്വം അവൾക്ക് കണ്ടെത്താനാവുന്നത് അതുകൊണ്ടാണ്. നളദമയന്തീ കഥ പറഞ്ഞു കൊണ്ട് നളന്റെ ഉള്ളറിയുന്നിടത്ത് കേശിനിയിലെ കൗശലക്കാരിയെ തിരിച്ചറിയാം.
ഒളിച്ച് നിന്ന് നളനെ നിരീക്ഷിക്കുന്നതും കേശിനി വിദഗ്ദ്ധയായ തോഴിയാണെന്ന് തെളിയിക്കുന്നു. ദമയന്തിയെ പൂമാതിനൊത്ത ചാരു തനോ എന്ന് സംബോധന ചെയ്തു കൊണ്ട് അവളുടെ മനസിനെ ബലപ്പെടുത്തി നിർത്താനും കേശിനി ശ്രമിക്കുന്നു. ദമയന്തിയുടെ ആഗ്രഹങ്ങൾ ഫലിക്കാൻ പോകുന്നു എന്ന സൂചന നൽകിക്കൊണ്ട് ദമയന്തിയിൽ ശുഭാപ്തിവിശ്വാസം നിറയ്ക്കുന്നു. കൊട്ടാരങ്ങളിലെ അന്തപ്പുരങ്ങളിൽ രാജകുമാരിമാർക്ക് അമ്മയെപ്പോലെ സ്നേഹവും കൂട്ടുകാരിയെപ്പോലെ തുണയും വേലക്കാരിയെപ്പോലെ ആശ്രയവുമായി നിൽക്കുന്ന തോഴികളുടെ ഉത്തമ മാതൃകയാണ് കേശിനി .
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
ഉണ്ണായിവാരിയർ
------------------------------
1675 നും 1755 നും ഇടയിൽ ജീവിതകാലമെന്ന് പറയപ്പെടുന്നു. ഇരിങ്ങാലക്കുട അകത്തൂട്ട് വാരിയത്താണ് ജനിച്ചതെന്ന് അഭിപ്രായമുണ്ട്. നളചരിതം ആട്ടക്കഥ എന്ന ഒറ്റക്കൃതികൊണ്ട് മലയാള സാഹിത്യത്തിൽ തന്റേതായ സ്ഥാനം നേടിയെടുത്ത കവിയാണ് ഉണ്ണായിവാരിയർ . വാരിയരുടെ ജീവിതകാലം, ജന്മസ്ഥലം എന്നിവയെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്. മഹാഭാരതത്തിലെ നളദമയന്തി കഥയെ നാടകീയതയും കാവ്യാത്മകതയും ഒത്തുചേർന്ന കാവ്യമാക്കി വാരിയർ മാറ്റി. അഭിനയ ഗുണം തികഞ്ഞ ആട്ടകഥയെന്ന നിലയിലും സാഹിത്യഗുണം തികഞ്ഞ കാവ്യമെന്ന നിലയിലും നളചരിതം പ്രസക്തമാവുന്നു. കേരളത്തിന്റെ ശാകുന്തളമെന്ന് നളചരിതം ആട്ടക്കഥയെ വിശേഷിപ്പിക്കാറുണ്ട്.
Forwarded from Channel: +2 🌹 hssMozhi (Udhaya Kumar S)
🌹 അഗ്നിവർണ്ണന്റെ കാലുകൾ 🌹
--------------------------———————————

കേരളത്തിലെ ക്ലാസിക്കലും നാടോടിയുമായ കലകളിൽ നിന്ന് ഊർജ്ജം ഉൾക്കൊണ്ടു കൊണ്ടുള്ള അരങ്ങാണ് തനത് നാടക വേദി. ഇതിന്റെ മുഖ്യ പ്രയോക്താവായ കാവാലം നാരായണപ്പണിക്കരുടെ ആക്ഷേപഹാസ്യസ്വഭാവമുള്ള നാടകമാണ് 'അഗ്‌നി വർണ്ണന്റെ കാലുകൾ ' . രംഗാവതരണത്തിന്റെയും ശരീര ഭാഷയുടെയും മൗലികതയാൽ ഈ നാടകം കൂടുതൽ ശ്രദ്ധേയമാവുന്നു.
മനുഷ്യരെ പല തരത്തിൽ ജീർണ്ണിപ്പിക്കുന്ന അധികാര വാഞ്ഛ, സ്വന്തം കാര്യങ്ങൾ സാധിച്ചെടുക്കുന്ന ഉപജാപകവൃന്ദം, നിസ്സംഗരും നിഷ്ക്രിയരുമായി മാറുന്ന പൊതു സമൂഹം, ഭരണവർഗ്ഗത്തിന്റെ എല്ലാത്തരം ചൂഷണങ്ങൾക്കും വിധേയരാവുന്ന അടിസ്ഥാന ജനവിഭാഗങ്ങളിൽ നിന്ന് തിരുത്തൽ ശക്തി ഉയർന്നു വരുമെന്ന പ്രതീക്ഷ ഇതൊക്കെയാണ് പ്രഹസന സ്വഭാവമുള്ള ഈ നാടകത്തിന്റെ ക്രിയാംശം. 'അഗ്നിവർണ്ണന്റെ കാലുകൾ' എന്ന നാടകം നൽകുന്ന സന്ദേശം ജനാധിപത്യവാഴ്ചയുടെ പുതുകാലത്തും പ്രസക്തമാണ്.
സാധാരണ പ്രജകളുടെ പ്രതീകമായ കേവലരാമൻ, ബുദ്ധിജീവികളുടെ പ്രതീകമായ ചിന്താരാമൻ, നിയമം നടപ്പിലാക്കുന്ന നിയമരാമനെ പ്രതിനിധീകരിക്കുന്ന കൊത്തുവാൾ , ഭരണോപദേശകനും ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ പ്രതീകവുമായ രാജഗുരു, ഭരണാധികാരികളെ എക്കാലത്തും താങ്ങി നിർത്തുന്ന മാധ്യമ ലോകത്തിന്റെ പ്രതിനിധിയായ വിദൂഷകൻ, എല്ലാ ജീർണ്ണതകളെയും അടിച്ചു വാരിത്തുടച്ച് വൃത്തിയാക്കി പുതിയൊരു ലോകത്തിന്റെ പ്രതീക്ഷയും തിരുത്തൽ ശക്തിയുമായ അടിസ്ഥാന വർഗ്ഗത്തിന്റെ പ്രതിനിധിയായ അടിച്ചുതളിക്കാരി എന്നീ കഥാപാത്രങ്ങളിലൂടെയാണ് നാടകത്തിലെ സാമൂഹ്യ വിമർശനത്തിന് അരങ്ങൊരുങ്ങുന്നത്.
സൂര്യവംശത്തിലെ അവസാന കണ്ണിയും ഇന്ദ്രിയഭോഗത്തിൽ മുഴുകി കുത്തഴിഞ്ഞ ജീവിതം നയിച്ചയാളുമായ അഗ്നിവർണ്ണ രാജാവിലൂടെയാണ് അധികാര ജീർണ്ണത അവതരിപ്പിക്കപ്പെടുന്നത്. പ്രജകളുടെ ക്ഷേമമന്വേഷിക്കാൻ രാജാവിന് നേരമില്ലാത്തതിനാൽ രാജാവിന്റേതെന്നു കരുതുന്ന മരക്കാലുകൾ കണ്ടാണ് പ്രജകൾ സങ്കടം ബോധിപ്പിക്കുന്നത്. രാജാധികാരവുമായി ബന്ധപ്പെട്ട പ്രതീകങ്ങളോടും സാമാന്യ ജനം മാനസികമായി അടിമപ്പെടുന്നതെങ്ങനെയെന്ന് ഇവിടെ വായിച്ചെടുക്കാം.
തങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാനും പരാതി ബോധിപ്പിക്കാനും രാജാവോ ഭരണമോ ഇല്ല എന്നതാണ് സാധാരണക്കാരന്റെ വിഷയം. വിശപ്പാണ് അവന്റെ അടിസ്ഥാന പ്രശ്നം. അഴിമതികളാൽ ചീഞ്ഞുനാറുന്ന ഭരണ രംഗത്തെയാണ് " കാലുകൾ ജീവിച്ചിരിക്കുന്നു. ഇന്ദ്രിയങ്ങൾ മരിച്ചു ജീവിക്കുന്നു; ജീവിച്ചു മരിക്കുന്നു " എന്ന കണ്ടെത്തൽ സൂചിപ്പിക്കുന്നത്. രാജഗുരുവും വിദൂഷകനും കൊത്തുവാളും തമ്മിലുള്ള അധികാരത്തർക്കം ജനാധിപത്യത്തിന്റെ അടിസ്ഥാനഘടകങ്ങളായ നിയമ വ്യവസ്ഥയും ഉദ്യോഗസ്ഥവൃന്ദവും മാധ്യമ ലോകവുമായുള്ള ഏറ്റുമുട്ടലിനെ ഓർമിപ്പിക്കുന്നു.
ജനതയുടെ സ്വാതന്ത്ര്യ മോഹവും അതിൽ നിന്നുണ്ടാകുന്ന കലാപ സാധ്യതയുമാണ് അടിച്ചു തളിക്കാരിയെന്ന അടിസ്ഥാന വർഗ്ഗ പ്രതിനിധിയിലൂടെ അവതരിപ്പിക്കപ്പെടുന്നത്. അരങ്ങാകെ അടിച്ചു വൃത്തിയാക്കി മരക്കാലുകളെ അന്ത:പുരത്തിലേക്ക് ആനയിക്കുന്നതോടെയാണ് നാടകം അവസാനിക്കുന്നത്.